പത്തനംതിട്ട: അനാഥത്വത്തിന്റെയും കണ്ണീരിന്റെയും കഥകള്‍ ചമച്ച് നാലു വിവാഹം കഴിച്ചു മുങ്ങി നടന്ന കാസര്‍കോട്, വെള്ളരിക്കുണ്ട് സ്വദേശി അറസ്റ്റില്‍.
കോന്നി, മാപ്രാടം, പുളിമുക്കിലുള്ള തേജസ് ഫ്ളാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(26)നെയാണ് കോന്നി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
പത്തുവര്‍ഷം മുമ്പ് വെള്ളരിക്കുണ്ട് സ്വദേശിനിയെ കല്യാണം കഴിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ടായി. അതോടെ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങി. പിന്നീട് കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി ദീപു തമിഴ്നാട്ടിലേക്ക് കടന്നു. അവിടെ കുറേ കാലം ഒന്നിച്ചു താമസിച്ച ശേഷം വീണ്ടും മുങ്ങി.
അതിനുശേഷം എറണാകുളത്തെത്തി. താന്‍ അനാഥന്‍ ആണെന്നു പറഞ്ഞ് ഒരു സ്ത്രീയുമായി അടുത്തു. കുറച്ചു കാലം പ്രസ്തുത സ്ത്രീയുടെ കൂടെ കഴിഞ്ഞു.
ഇതിനിടയില്‍ ആലപ്പുഴ സ്വദേശിനിയെ ഫേസ്ബുക്കില്‍ പരിചയപ്പെട്ടു. വിവാഹമോചിതയായ പ്രസ്തുത സ്ത്രീയോടും ദീപു തന്റെ കണ്ണീര്‍ക്കഥ പറഞ്ഞു. ദീപുവിന്റെ കള്ളക്കണ്ണീരിനു മുന്നില്‍ വീണു പോയ യുവതി കല്യാണത്തിനു തയ്യാറായി. അര്‍ത്തുങ്കല്‍ എന്ന സ്ഥലത്തു കല്യാണം നടന്നു. ഒന്നിച്ചു ജീവിച്ചുവരുന്നതിനിടയിലാണ് ദീപുവിന്റെ കണ്ണീര്‍ കഥയുടെ ആന്റി ക്ലൈമാക്സിനു തുടക്കമായത്. ദീപുവിന്റെ രണ്ടാം ഭാര്യയും ആലപ്പുഴ സ്വദേശിനിയായ നാലാം ഭാര്യയും ഫേസ്ബുക്കില്‍ ഫ്രന്റ്സായതോടെയാണിത്. തന്റെ ഭര്‍ത്താവായ ദീപു, സുഹൃത്തിന്റെ കൂടെ ഇരിക്കുന്ന ഫോട്ടോ കണ്ട രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികള്‍ യുവതി നാലാം ഭാര്യയ്ക്കു വിശദീകരിച്ചു കൊടുത്തു. പക്ഷെ ദീപുവിനെ ഒഴിവാക്കാന്‍ ആലപ്പുഴ സ്വദേശിനി തയ്യാറായില്ല. കാസര്‍കോട്, വെള്ളരിക്കുണ്ട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്തിച്ചു ദീപു ബലാത്സംഗം ചെയ്തു. ഇതിനിടയില്‍ ദീപുവിനു നേരത്തെ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ഷൂറന്‍സ് തുകയായ മൂന്നരലക്ഷം രൂപ ലഭിച്ചിരുന്നു. ഇതോടെ ആലപ്പുഴ സ്വദേശിനിയോടുള്ള താല്‍പര്യം കുറഞ്ഞു. തന്നെയും ഒഴിവാക്കി പോകുമെന്ന സംശയം ഉണ്ടായതോടെയാണ് നാലാം ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.
