കലിംപോങ്: ദലൈലാമയുടെ മൂത്തസഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ മുൻചെയർമാനുമായിരുന്ന ഗ്യാലോ തോൻഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാൾ കലിംപോങ്ങിലെ വസതിയിൽ ശനിയാഴ്ച വൈകിട്ട് ആണ് അന്ത്യം. 1991 മുതൽ 1993 വരെ പ്രവാസ ടിബറ്റൻ ഗവൺമെന്റിൽ പ്രധാനമന്ത്രിയായും 1993 മുതൽ 1996 വരെ പ്രതിരോധമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ദലൈലാമയ്ക്കൊപ്പം ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തിയ തോൻഡുപ്, ചൈനീസ് ഗവൺമെൻറുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വംനൽകുകയും പ്രവാസ ടിബറ്റൻ സർക്കാരിനുവേണ്ടി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കുകയുംചെയ്തു.
1952-ൽ ടിബറ്റിലെ ചൈനീസ് അധിനിവേശത്തെത്തുടർന്ന് ഇന്ത്യയിലെത്തിയ അദ്ദേഹമാണ്, 1959-ൽ ദലൈലാമയെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്. 1959 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയിൽ ടിബറ്റിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. അദ്ദേഹത്തിന്റെ നിരന്തര ഇടപെടലിനെത്തുടർന്ന് ടിബറ്റിന്റെ സ്വയംഭരണം ആവശ്യപ്പെട്ടുള്ള മൂന്ന് പ്രമേയങ്ങൾക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകുകയുണ്ടായി. 1979ൽ ചൈനീസ് പ്രസിഡന്റ് ഡെങ് സിയാവോ പിങ്ങിനെ സന്ദർശിച്ച് ചർച്ച നടത്തി. ചൈനയുമായി നേരിട്ടുള്ള ചർച്ച വഴി മാത്രമേ ടിബറ്റിന്റെ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്ന വാദക്കാരനായിരുന്ന അദ്ദേഹം 2010വരെ ചൈനയുമായുള്ള ചർച്ചയിൽ ടിബറ്റിനെ പ്രതിനിധീകരിച്ചു. ‘ദ് നൂഡിൽ മേക്കർ ഓഫ് കലിംപോങ്’ എന്ന ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
