കാസര്‍കോട്: സ്വന്തമായി ഒരു വീട് എന്ന ഏവരുടെയും ഒരു സ്വപ്‌നമാണ്. കൊച്ചുവീടുവെച്ച് വയറിങ് ജോലി നടത്താന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസമാവുകയാണ് ഉപ്പളയിലെ ‘സാന്ത്വനം’ ഇലക്ട്രീഷ്യന്‍ കൂട്ടായ്മ. ഇതിനകം തന്നെ കാസര്‍കോട് ജില്ലയിലെ 60 വീടുകളില്‍ ഇവര്‍ സൗജന്യ സേവനം ചെയ്തു കഴിഞ്ഞു. ഞായറാഴ്ച ദിവസത്തെ സൗജന്യ സേവനം കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ഇവര്‍ വയറിങ് ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്. കൂട്ടായ്മയിലെ പത്ത് അംഗങ്ങള്‍ വരെ ജോലിക്കായി എത്തും. തീര്‍ത്തും നിര്‍ധനരാണെങ്കില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉപകരണങ്ങള്‍ വരെ സ്ഥാപിച്ചു നല്‍കും. കൊടിയമ്മ ചേപ്പിനടുക്കിയലെ ഒരുവിധവക്ക് നാട്ടുകാര്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ വയറിങ് ജോലികളാണ് ഈ ആഴ്ച ഉപ്പള മേഖല ‘സാന്ത്വനം’ കൂട്ടായ്മ നേതൃത്വത്തില്‍ നടത്തുന്നത്. ജില്ലയുടെ വിവിധ മേഖലകളിലായി സാന്ത്വനം കൂട്ടായ്മയുടെ സൗജന്യ സേവനമുണ്ട്.
പ്രവര്‍ത്തനം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൂട്ടായ്മ പ്രവര്‍ത്തകര്‍.
