കാസർകോട്: നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിഖ് (20), മീനാപ്പിസ് കോട്ട താമസിക്കുന്ന ബംഗളൂരു സ്വദേശി ബാബ ഫക്രുദ്ദീന്റെ മകൻ തൻവീർ(35) എന്നിവരാണ് മരിച്ചത്. കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയ പാതയിൽ മേൽ പാലത്തിനു സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ദാരുണ അപകടം ഉണ്ടായത്. ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മരണപ്പെട്ട ഇരുവരും നിർത്തിയിട്ട ലോറിക്ക് മുന്നിലൂടെ ഹോട്ടലിലേക്ക് പോകുമ്പോഴാണ് നിയന്ത്രണം വിട്ട മറ്റൊരു ലോറി വന്ന് ഇടിച്ചത്. ഇരു ലോറികൾക്കും ഇടയിൽ കുടുങ്ങിയ യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
