മംഗളൂരു: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിങില്‍ പണം നിക്ഷേപിക്കാമെന്ന് പറഞ്ഞ് 46 തട്ടിയ മലയാളി മംഗളൂരുവില്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ജുനൈദ് എ.കെ(32) ആണ് മംഗളൂരു സിറ്റി പൊലിസിന്റെ പിടിയിലായത്. മംഗളൂരു സ്വദേശിനിയായ യുവതിയുടെ പണമാണ് നഷ്ടമായത്. വാട്‌സാപ് വഴി പരിചയപ്പെട്ട യുവാവ് പിന്നീട് ഉയര്‍ന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 46 ലക്ഷം രൂപ നല്‍കിയിട്ടും മുതലോ പലിശയോ ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.
അന്വേഷണത്തിനിടെ, പണം ലഭിച്ച ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്ക് 10 ലക്ഷം രൂപ കൈമാറിയതായി കണ്ടെത്തി. ആ അക്കൗണ്ടില്‍ നിന്ന് പിന്നീട് അഞ്ച് ലക്ഷം രൂപ കോഴിക്കോട് താമസിക്കുന്ന പ്രതിയുടെ ഭാര്യ ആയിഷ ഹാദിയയുടെ കേരളത്തിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി. ഇടപാട് സുഗമമാക്കിയതിന് ജുനൈദ് എ.കെ.ക്ക് 5,000 രൂപ കമ്മീഷന്‍ ലഭിച്ചതായും സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. കൂട്ടുപ്രതികളെ പിടികൂടാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
