-പി പി ചെറിയാന്‍
സിയാറ്റില്‍(വാഷിംഗ്ടണ്‍): വിശദീകരണമില്ലാതെ നിരവധി തവണ വിസ നിഷേധിച്ചതില്‍ ഇന്ത്യന്‍ അമേരിക്കന്‍ രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധം നടത്തി. പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തിയിരുന്നു. പ്രകടനം ‘അനധികൃതമെന്നു കോണ്‍സുലേറ്റ് ആരോപിച്ചു. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രാദേശിക അധികാരികളെ വിളിച്ചു.
മുന്‍ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയുമായ സാവന്ത്, തനിക്ക് വിസ ആവര്‍ത്തിച്ച് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്നതെന്ന് അറിയിച്ചു. അതേസമയം അവരുടെ ഭര്‍ത്താവ് കാല്‍വിന്‍ പ്രീസ്റ്റിന് ബെംഗളൂരുവിലെ 82 വയസ്സുള്ള രോഗിയായ അമ്മയെ സന്ദര്‍ശിക്കാന്‍ അടിയന്തര വിസ ലഭിച്ചു.
”എന്റെ ഭര്‍ത്താവും ഞാനും സിയാറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ്. എന്റെ അമ്മയ്ക്ക് അസുഖം ബാധിച്ചതിനാല്‍ അവര്‍ അദ്ദേഹത്തിന് അടിയന്തര വിസ അനുവദിച്ചു. പക്ഷേ എന്റെ പേര് ‘റിജക്റ്റ് ലിസ്റ്റില്‍’ ഉണ്ടെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ അത് നിരസിച്ചു. എന്തുകൊണ്ടാണ് വിസ അനുവദിക്കാത്തതെന്നു വിശദീകരിക്കാനും അവര്‍ വിസമ്മതിച്ചു,” അവര്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ‘റിജക്റ്റ് ലിസ്റ്റില്‍’ ഉള്ളതിനാലാണ് തനിക്ക് വിസ നിഷേധിക്കുന്നതെന്ന് ഒരു കോണ്‍സുലാര്‍ ഓഫീസര്‍ തന്നോട് പറഞ്ഞതായി സാവന്ത് പറഞ്ഞു. സിയാറ്റില്‍ സിറ്റി കൗണ്‍സിലിലെ തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ഉദ്ധരിച്ച് ഈ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് അവര്‍ വാദിച്ചു.
ഇതു ‘സമാധാനപരമായ സിവില്‍ അനുസരണക്കേട്” ആണെന്നും ഇതിനെക്കുറിച്ച് കോണ്‍സുലേറ്റില്‍ നിന്ന് വിശദീകരണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.