ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്തു നിന്നു കോണ്‍ഗ്രസിനെ നീക്കണമെന്നു സഖ്യകക്ഷികളായ എസ്.പി, ആര്‍.ജെ.ഡി, ശിവസേന (യുബിടി) ആവശ്യപ്പെട്ടു. സഖ്യത്തിന്റെ നേതൃസ്ഥാനത്തു ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ അവരോധിക്കണമെന്ന് അവര്‍ ആവശ്യമുന്നയിച്ചു. അതേ സമയം മുന്നണിയിലെ മറ്റു പ്രബല പാര്‍ട്ടികളായ ഡിഎംകെ, എന്‍സിപി (എസ്.പി) മൗനത്തിലാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു ഇന്ത്യ ബ്ലോക്ക് പാര്‍ലമെന്റില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. മാതൃകാപരമായ ഈ പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രകടമായില്ല. അതിനും കാരണം കോണ്‍ഗ്രസിന്റെ അഹംഭാവമായിരുന്നു. ബിജെപിയെ തങ്ങള്‍ ഒറ്റക്കു ഹരിയാനയില്‍ തറപറ്റിക്കുമെന്ന് അവര്‍ വീമ്പു പറഞ്ഞു നിന്നു. ഡല്‍ഹിയില്‍ ഈ സമീപനം കെജ്‌രിവാള്‍ ആവര്‍ത്തിച്ചു. ബിജെപിയെ ഡല്‍ഹിയില്‍ നിലം പരിശാക്കാന്‍ തങ്ങള്‍ക്കാരുടെയും സഹായം വേണ്ടെന്നായിരുന്നു കെജ്‌രിവാളിന്റെ വീമ്പെന്ന് ഇന്ത്യ മുന്നണി സഖ്യകക്ഷികള്‍ പരിതപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു മണ്ഡലങ്ങളില്‍ ബിജെപിയെ കോണ്‍ഗ്രസും എ.എ.പി.യും ഒറ്റക്കെട്ടായി നിന്നു നേരിട്ടെങ്കിലും ഏഴിടത്തും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിക്കുകയായിരുന്നു. മതേതര-ജനാധിപത്യ വോട്ടുകള്‍ ചിതറിയതാണ് ഡല്‍ഹിയില്‍ ബിജെപി വിജയത്തിനു വഴി വച്ചതെന്നു സിപിഐ ജന. സെക്രട്ടറി ഡി. രാജ ചൂണ്ടിക്കാട്ടി.
