കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ ആശങ്ക വേണ്ടെന്നും നിലവില്‍ പേടിക്കേണ്ട സാഹചര്യവുമില്ലെന്നും അധികൃതര്‍. ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ല. അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്‌നല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലില്‍ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസര്‍കോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. കടലില്‍ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ 1.30 മതല്‍ 1.40 വരെയാണ് ഈ മേഖലകളില്‍ നേരിയ ഭൂചലനമുണ്ടായത്. നാലഞ്ച് സെക്കന്റ് അസാധാരണ ശബ്ദവും കേട്ടതായി ജനങ്ങള്‍ അറിയിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍, കള്ളാര്‍, കോടോത്ത്, പരപ്പ, മാലോത്ത്, വെസ്റ്റ് എളേരി എന്നീ വില്ലേജ് പരിധികളില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൊസ്ദുര്‍ഗ് താലൂക്കി ചീമേനി വില്ലേജിലെ അമ്മംകോട് ഭാഗത്തും, മടിക്കൈ വില്ലേജില്‍ ബങ്കളം പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
ഹോസ്ദുര്‍ഗ് താലൂക്കില്‍ തിമിരി വില്ലേജില്‍ പിലാവളപ്പ് പ്രദേശത്ത് പുലര്‍ച്ചെ 1.10 മണിക്ക് ഭൂമി കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിപ്പിലൂടെ വ്യക്തമാക്കി.
