കാസര്‍കോട്: ബന്തടുക്ക മാനടുക്കത്ത് കടന്നല്‍ കുത്തേറ്റ് 18 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാനടുക്കം തൊടുപനം കാര്‍ത്യായനിയുടെ പറമ്പില്‍ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തട്ട് തിരിക്കല്‍ പണി ചെയ്യുന്നതിനിടെയാണ് കടന്നലുകള്‍ ഇവരെ ആക്രമിച്ചത്. പരിക്കേറ്റ 9 തൊഴിലാളികളെ ബന്തടുക്കയിലെ ക്ലിനിക്കിലും ഗുരുതരമായി പരിക്കേറ്റ കാര്‍ത്യായനിയെ ചെര്‍ക്കളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. വീട്ടുടമയും തൊഴിലുറപ്പു തൊഴിലാളിയുമായ കാര്‍ത്യായനിയാണ് ഗുരുതര നിലയിലുള്ളത്. വിവരമറിഞ്ഞ് പഞ്ചായത്തംഗങ്ങളായ ജോസ് പാറത്തട്ടേല്‍, കുഞ്ഞിരാമന്‍ തവനം, നാരായണി കക്കച്ചാല്‍, സാബു അബ്രഹാം, പവിത്രന്‍ സി നായര്‍, സന്തോഷ് അരമന, ചന്തു മണിയാണി, സുരേഷ് പി.വി. ജയകുമാര്‍ മാനടുക്കം, മഹേഷ് ഗോപാല്‍, രാധാകൃഷ്ണന്‍ കനക്കരംക്കോടി, വിവേകാനന്ദന്‍ എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
