കാസര്‍കോട്: പതിവ് തെറ്റാതെ ഇക്കുറിയും മൊഗ്രാല്‍ ഗാന്ധിനഗര്‍ കോഡ് ദബ്ബു ദൈവസ്ഥാന ഭാരവാഹികള്‍ കാണിക്കയുമായി മൊഗ്രാല്‍ കടപ്പുറം വലിയ ജമാഅത്ത് പള്ളിയിലെത്തി. ദൈവസ്ഥാനത്ത് വാര്‍ഷിക നേമോത്സവം ഈ മാസം 13 മുതല്‍ 16 വരെ നടക്കാന്‍ പോവുകയാണ്. ഇതിന് ക്ഷണിക്കാനാണ് ക്ഷേത്ര ഭാരവാഹികളെത്തിയത്. പള്ളി പരിസരത്ത് വെച്ച് പള്ളി ഇമാം അബൂബക്കര്‍ ഹാഷിമി, ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ വിപി അബ്ദുല്‍ ഖാദര്‍ ഹാജി, ബിഎന്‍ മുഹമ്മദലി, ടിഎം ഷുഹൈബ്, ഇബ്രാഹിം കൊപ്പളം, എംജിഎ റഹ്‌മാന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മഹല്ല് നിവാസികള്‍ ചേര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സ്വീകരിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ജിദാനന്ദ, രമേശ് എന്നിവരില്‍നിന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ കാണിക്ക ഏറ്റുവാങ്ങി. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന മതസൗഹാര്‍ദ്ദാന്തരീക്ഷം കാത്തു സൂക്ഷിക്കുകയാണ് മൊഗ്രാല്‍ ഇശല്‍ ഗ്രാമം. ജുമാ മസ്ജിദ് ഉറൂസ് പരിപാടികള്‍ക്കും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ചീരണിയും, കാണിക്കുകയും നല്‍കാറുണ്ട്. അതേപോലെ ക്ഷേത്ര പരിപാടികള്‍ക്കും ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും, മഹല്ല് നിവാസികളും സഹായങ്ങളും മറ്റും നല്‍കി സഹകരിക്കുന്നുണ്ട്. ഈ സൗഹാര്‍ദാന്തരീക്ഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൂര്‍വികന്മാര്‍ കാണിച്ചുതന്ന മാതൃകയാണിതെന്ന് മഹല്ല് നിവാസികള്‍ പറയുന്നു.
