ഹുന്‍സൂര്‍: പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി ഒന്നര പവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്ത ഐസ് വില്‍പ്പനക്കാരന്‍ പിടിയില്‍. എച്ച്.ഡി. കോട്ട് ഹൈറിഗെ സ്വദേശിയും ഐസ് കാന്‍ഡി വില്‍പ്പനക്കാരനുമായ കെമ്പരാജുവാണ് പിടിയിലായത്.
ബുധനാഴ്ചയാണ് സംഭവം. ഹുന്‍സൂര്‍ താലൂക്കിലെ ഹൊസവരഞ്ചി ഗ്രാമത്തില്‍ ബൈക്കില്‍ സഞ്ചരിച്ച് ഐസ് കാന്റി വില്‍പ്പന നടത്തുന്ന ആളാണ് കെമ്പരാജു. ഹൊസവരഞ്ചിയില്‍ തന്റെ കൃഷിയിടത്തില്‍ പയര്‍ പറിക്കുകയായിരുന്നു ജ്യോതി എന്നു പേരുള്ള സ്ത്രീ. ഈ സമയത്ത് സ്ഥലത്തെത്തിയ കെമ്പരാജു കുടിക്കാന്‍ വെള്ളം ചോദിച്ചു. ഇല്ലെന്നു ജ്യോതി മറുപടി പറഞ്ഞപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കല്ലെടുത്ത് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മാല ഊരി നല്‍കാന്‍ ആവശ്യപ്പെട്ടു. ഭയന്നുപോയ ജ്യോതി മാല ഊരി നല്‍കി. മാലയുമായി കെമ്പരാജു സ്ഥലം വിട്ടതോടെ ജ്യോതി വിവരം ഗ്രാമവാസികളെ അറിയിച്ചു. ഒരു കൂട്ടം യുവാക്കള്‍ കെമ്പരാജുവിനെ ബൈക്കിലും മറ്റും പിന്തുടര്‍ന്ന് ബീമനഹള്ളിക്കു സമീപത്തു വച്ചു പിടികൂടി. ഹൊസവരഞ്ചിയിലെത്തിച്ച് കെട്ടിയിട്ട ശേഷം പൊലീസിനെ വിവരം അറിയിച്ചു. ഇന്‍സ്പെക്ടര്‍ മുനിസ്വാമിയും എസ്ഐ രാധയും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് മാല കണ്ടെടുത്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
