കാസര്‍കോട്: കൊളത്തൂരില്‍ മടന്തക്കോട് പാറമടക്കുള്ളിൽ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയില്‍ തുടരുന്നു. വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്.
പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം രാവിലെയും തിരച്ചില്‍ തുടരും. ബുധനാഴ്ച വൈകിട്ടാണ്
ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള പാറക്കെട്ടുകൾക്കിടയിലെ മാളത്തിൽ പുലിയെ കണ്ടെത്തിയത്. മാളത്തിനുള്ളിൽ നിന്നുള്ള ഗര്‍ജനം കേട്ടാണ് വീട്ടുകാർ സ്ഥലത്തെത്തി പുലിയെ കണ്ടത്. തുടര്‍ന്ന്, വനം വകുപ്പ് അധികൃതര്‍ തുരങ്കത്തില്‍ വല വെച്ച് മൂടി. പ്രദേശത്ത് നിരന്തരം പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡി എഫ് കെ അഷ്റഫ്, റേഞ്ച് ഓഫീസർ സി വി വിനോദ് കുമാർ തുടങ്ങിയവർ സ്ഥലത്തുണ്ട്. പുലി ചാടി പോയതിനാൽ ആശങ്കയിലാണ് സ്ഥലവാസികൾ. കഴിഞ്ഞ ഒരാഴ്ചയായി കൊളത്തൂർ, കരക്കയടുക്കം, ചളക്കാട്, വരിക്കുളം, ബാവിക്കരയടുക്കം തുടങ്ങിയ പ്രദേശങ്ങളിൽ പുലി ഭീഷണിയുണ്ട്.
