കാസര്‍കോട്: ബസ് യാത്രക്കിടയില്‍ സ്ത്രീയുടെ മൊബൈല്‍ ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ മൂന്നു വനിതകള്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. സമാനരീതിയില്‍ നടത്തിയ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായവരാണ് പൊലീസിന്റെ പിടിയിലായത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാടയിലെ പ്രഭാകരന്റെ ഭാര്യ താരാമണി (59)യുടെ ബാഗാണ് ചൊവ്വാഴ്ച ഉച്ചക്ക് കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടയില്‍ നഷ്ടമായത്. ഇവര്‍ നല്‍കിയ പരാതി പ്രകാരം കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങിലെ സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാണ് മോഷ്ടാക്കളെ കണ്ടെത്തിയത്.
