ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ ആഗോള വിപണി കീഴ്‌മേല്‍ മറിയുന്നു.
രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയില്‍. റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രൂപയെ ബാധിച്ചത്. ഇറക്കുമതിക്കാരില്‍നിന്ന് ഡോളറിന് ഡിമാന്‍ഡ് കൂടിയതും തിരിച്ചടിയായി. രൂപയുടെ മൂല്യത്തില്‍ ബുധനാഴ്ച 0.3ശതമാനമാണ് ഇടിവ് നേരിട്ടത്. ഇതോടെ മൂല്യം 87.35ലേയ്ക്ക് താഴ്ന്നു. തിങ്കളാഴ്ചയിലെ 87.28 നിലവാരമായിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ മൂല്യം. ഡോളര്‍ സൂചിക 0.3 ശതമാനം ഇടിഞ്ഞ് 107.7ലെത്തിയതിന്റെ നേട്ടം മിക്കവാറും ഏഷ്യന്‍ കറന്‍സികള്‍ക്ക് നേട്ടമായെങ്കിലും രൂപയ്ക്ക് തിരിച്ചടിയായി. അഞ്ച് വര്‍ഷത്തില്‍ ഇതാദ്യമായാണ് ആര്‍ബിഐ നിരക്ക് കുറക്കാനുള്ള സാധ്യത തെളിയുന്നത്. ഇറക്കുമതിച്ചെലവ് കൂടുന്നത്, പണപ്പെരുപ്പം, രാഷ്ട്രീയ സംഭവങ്ങള്‍ എന്നിവയെല്ലാം രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
