കാസര്‍കോട്: 15 വര്‍ഷം മുമ്പ് കാണാതായ അമ്പലത്തറ, എണ്ണപ്പാറ മൊയോലത്തെ എം.സി രേഷ്മ (17)യ്ക്ക് എന്തു സംഭവിച്ചു? ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസി.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. നിരവധി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ടും ഉത്തരം കണ്ടെത്താന്‍ കഴിയാതിരുന്ന കേസിനു തുമ്പുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ഇപ്പോള്‍. കാഞ്ഞങ്ങാട് താമസിച്ച് പഠിക്കുകയായിരുന്ന രേഷ്മ 2010 ജൂണ്‍ 6നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തിരോധാനത്തിനു പിന്നില്‍ പാണത്തൂര്‍, ബാപ്പുകയത്തെ ബിജു പൗലോസ് ആണെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ നേരത്തെ കേസ് അന്വേഷിച്ചിരുന്ന പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബേക്കല്‍ ഡിവൈ.എസ്.പിയായിരുന്ന സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ രേഷ്മ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്നു കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. ഇതോടെ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് രേഷ്മയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് മേഖലാ ഐ.ജി പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു കൈമാറിക്കൊണ്ട് ഉത്തരവായി. ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം പാണത്തൂര്‍, ബാപ്പുകയത്തില്‍ എത്തിയ അന്വേഷണ സംഘം ബിജുപൗലോസിന്റെ വീടിനെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. ബിജുവിന്റെ അയല്‍വാസികളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമായതോടെ ബിജു പൗലോസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. ഇയാള്‍ മുങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. ബിജുവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
