കാസര്‍കോട്: കര്‍ഷകന്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു ഏഴു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി ജോലിക്കാരന്‍ മുങ്ങി. പൈവളിഗെ, കളായിയിലെ സഞ്ജീവഷെട്ടിയുടെ വീട്ടിലാണ് സംഭവം. ഇയാളുടെ മകന്‍ അശോക് കുമാറിന്റെ പരാതിയിന്മേല്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അശോക് കുമാര്‍ ബംഗ്‌ളൂരുവിലാണ്. പ്രായമായ പിതാവിനെ ശുശ്രൂഷിക്കാന്‍ മറ്റാരും ഇല്ല. അതിനാല്‍ കര്‍ണ്ണാടക സ്വദേശിയായ ഒരു യുവാവിനെ വീട്ടു ജോലിക്കും മറ്റുമായി ഏര്‍പ്പാടാക്കിയിരുന്നു. മാസങ്ങളായി പ്രസ്തുത യുവാവ് വീട്ടില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. എല്ലാ മാസവും ആദ്യത്തെ ആഴ്ചയാണ് ഇയാള്‍ സ്വദേശത്തേക്ക് പോയിരുന്നത്. എന്നാല്‍ ഇത്തവണ മാസാവസാനം തന്നെ നാട്ടിലേക്ക് പോയി. ഈ വിവരമറിഞ്ഞ് അശോക് കുമാര്‍ വീട്ടിലെത്തി അലമാരയ്ക്കകത്ത് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ കാണാതായ കാര്യം അറിഞ്ഞത്. എന്നാല്‍ ഏഴു പവന്‍ തൂക്കമുള്ള നാലു വളകള്‍ അലമാരയില്‍ തന്നെയുണ്ടായിരുന്നു. സ്വര്‍ണത്തിന്റെ നിറത്തില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് വളകള്‍ മുക്കു പണ്ടമാണെന്നു വ്യക്തമായത്.
