കാസര്‍കോട്: നാടകത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഞായറാഴ്ച അന്തരിച്ച പെരുമ്പള അടുക്കത്തെ ടി കുമാരന്‍. 14 പേരുടെ ജീവനെടുത്ത തെക്കില്‍ ബസ് അപകടം, മംഗലാപുരം വിമാന ദുരന്തം അങ്ങനെ കാസര്‍കോടന്‍ ജനത ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ചെറുതും വലുതുമായ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍നിരയിലായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ കുമാരേട്ടന്‍. 44 വര്‍ഷം മുമ്പ് കാസര്‍കോട് നഗരത്തില്‍ ആംബുലന്‍സ് ഡ്രൈവറായി ജീവിതം ആരംഭിച്ച ഒരു നാടക നടനായിരുന്നു കുമാരന്‍. 1957 ല്‍ കാലഘട്ടത്തില്‍ പെരുമ്പള കലാസമിതിയിലൂടെയാണ് ടി കുമാരന്‍ അടുക്കം നാടക രംഗത്തെത്തിയത്. 1971 ല്‍ പ്രശസ്ത നാടക രചയിതാവും, സംവിധായകനും, നടനുമായ വി നമ്പി സംവിധാനം ചെയ്ത ‘പൂവും തീയും ‘ എന്ന സി എല്‍ ജോസിന്റെ നാടകത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു രംഗപ്രവേശനം. തുടര്‍ന്ന് 30 ഓളം നാടകങ്ങളില്‍ അഭിനയിച്ചു. ജലം, മാമ്പഴം, ചെമ്പരത്തി, എന്നീ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു. 25 ഓളം നാടകങ്ങള്‍ കുമാരന്‍ അടുക്കം സംവിധാനം ചെയ്ത് പെരുമ്പള കലാസമിതിയുടെ ബാനറില്‍ നിരവധി വേദികളില്‍ അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. 1980 കളില്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ നാടകം, നൃത്ത നൃത്ത്യങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പരിശീലിപ്പിച്ച് വേദികളില്‍ അവതരിപ്പിക്കുന്നതില്‍ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. പിന്നീട് തന്റെ ജീവിത മാര്‍ഗം തേടിയുള്ള യാത്രയില്‍ മറ്റെല്ലാറ്റിനുമുപരി മനുഷ്യത്വമാണ് പ്രധാനം എന്ന് നിശ്ചയിച്ച് ഉറപ്പിച്ചിച്ച് ആംമ്പുലന്‍സ് ഡ്രൈവര്‍ ജോലി തിരഞ്ഞെടുക്കുകയായിരുന്നു. രോഗത്താലും, അപകടത്തില്‍പ്പെട്ടും മരണത്തോട് മല്ലടിക്കുന്ന നിരാലംബരായ മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തന്റെ ശേഷിക്കുന്ന ജീവിതകാലം മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിച്ച ഏറ്റവും നല്ല മനുഷ്യ സ്‌നേഹിയും, നാടക പ്രവര്‍ത്തകനായിരുന്നു കുമാരന്‍ അടുക്കം. ജീവിതത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
