നാരായണന്‍ പേരിയ
മാധ്യമ മേഖലയുടെ വിശ്വാസ്യത തകര്‍ന്നു പോകരുത്
ഇക്കാലത്ത് അങ്ങനെ സംഭവിക്കുന്നുണ്ട് എന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറയുന്നു. മദ്യ മാഫിയക്കെതിരെ തൂലിക ചലിപ്പിച്ചതിന്, വധശ്രമത്തിനിരയായിരുന്ന ധീരനായ കെ കൃഷ്ണന്റെ വേര്‍പാടിന്റെ ഇരുപതാം വര്‍ഷത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു മന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പും താക്കീതും. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തണം എന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ചില വാര്‍ത്തകള്‍ക്ക് മുമ്പില്‍ ചില ലേഖകര്‍ നിസ്സഹായരാകുന്നു, പതറുന്നു എന്ന് പറഞ്ഞു. ഇതിന് ആരാണ് ഉത്തരവാദി എന്നും അദ്ദേഹം വ്യക്തമാക്കി-അധികാരികള്‍ മാത്രമാണ് കുറ്റക്കാര്‍ എന്ന് മുദ്രകുത്താന്‍ പാടില്ലത്രേ. അതായത് അധികാരികളും ഒപ്പം ചേരുന്നു എന്ന്. അധികാരികളുടെ ഒത്താശയോടെയാണ് ഇപ്പണി. കൂട്ടു കമ്പനി ഏര്‍പ്പാട്. അങ്ങനെയാണെങ്കില്‍ ആരെയാണ് ഒന്നാം പ്രതിയാക്കേണ്ടത്? തീര്‍ച്ചയായും അധികാരികളെത്തന്നെ; സര്‍ക്കാരിനെ.
‘കൂലി എഴുത്തുകാരാണ് ഇക്കാലത്തെ മാധ്യമപ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും’ എന്ന് ‘മാതൃഭൂമി’ പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന വി കെ മാധവന്‍കുട്ടി പറഞ്ഞത് ഓര്‍ക്കുന്നു. ഒരുകാലത്ത് തന്റെ പത്രത്തില്‍ ‘ആള്‍ദൈവ’ങ്ങളെ അനാവരണം ചെയ്തിട്ടുള്ള ലേഖകന്‍, പില്‍ക്കാലത്ത് അത് ചെയ്യാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘താന്‍ തുറന്നെഴുതാത്തത് കൊണ്ടല്ല, അപ്രകാരം എഴുതിയാലും പത്രം പ്രസിദ്ധീകരിക്കില്ല’. ചില അനുഭവങ്ങള്‍ ഉദാഹരിച്ചു.
‘സാക്ഷാല്‍ ദൈവം തന്നെ തെറ്റ് ചെയ്താലും താന്‍ എഴുതും, തന്റെ പത്രത്തില്‍ പ്രസിദ്ധീകരിക്കും’. എന്ന് പണ്ട് ‘സ്വദേശാഭിമാനി’ പത്രാധിപര്‍ കെ രാമകൃഷ്ണപിള്ള പറഞ്ഞ കാര്യം ഒരാള്‍ ഓര്‍മിപ്പിച്ചു. ‘ദൈവത്തിന്റെ ഉടമസ്ഥതയില്‍ പത്രമില്ലല്ലോ. അതുകൊണ്ട് ലേഖകനെ തടയുന്നില്ല-മാധവന്‍കുട്ടി വ്യക്തമാക്കി. ഇതാണ് കൂലിയെഴുത്തു രീതി.
അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ആദരവോടെ അനുസ്മരിക്കപ്പെട്ട പത്രപ്രവര്‍ത്തകനെപ്പറ്റി ചൂണ്ടിക്കാണിച്ചു. എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തെക്കുറിച്ച് അദ്ദേഹം ആവര്‍ത്തിച്ച് എഴുതിയ അനുകൂല അഭിപ്രായത്തിന്റെ കാര്യം. എന്തടിസ്ഥാനത്തിലാണ് അപ്രകാരം പറയുന്നത്? എന്റോസള്‍ഫാന്‍ മാരകമല്ല പോലും! ഇവിടെ, നമ്മുടെ ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ മാറാവ്യാധികള്‍ പടര്‍ന്നു പിടിച്ചത് അനേകരെ തീരാ ദുരിതത്തിലാഴ്ത്തിയത് എന്റോസള്‍ഫാന്‍ തളിച്ച ശേഷമല്ലേ? എന്നിട്ടും?
കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശരത് പവാര്‍ രാജ്യസഭയില്‍ പറഞ്ഞത് ആവര്‍ത്തിക്കുകയായിരുന്നു ആ പത്രം. മന്ത്രിയുടെ നിലപാട:് ‘നിരവധി രാജ്യങ്ങള്‍ എന്റോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ടാവാം; എന്നാല്‍ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് അത് രോഗ ഹേതുകമാണെന്ന റിപ്പോര്‍ട്ടില്ല.’ ഐക്യരാഷ്ട്രസഭയുടെ ശാസ്ത്രകാര്യ വിദഗ്ധ സമിതി നിരോധിച്ച കാര്യമൊന്നും നമ്മുടെ കൃഷിമന്ത്രിക്ക് ബാധകമല്ല; മാധ്യമപ്രവര്‍ത്തകനും!
ഒരു പുതിയ മാധ്യമ ശൈലിയുണ്ട്; പലതും ഉറപ്പിച്ചു പറയില്ല.’ഏയ്ക്കും’ എന്ന് മാത്രം. ‘പറഞ്ഞേയ്ക്കും, ഉത്തരവിറക്കിയേക്കും, പോയേക്കും, കണ്ടേയ്ക്കും’-ഇങ്ങനെ.
ഒരു വാരിക ചൂണ്ടിക്കാട്ടിയ ചില വിചിത്ര വാര്‍ത്തകള്‍ ശ്രദ്ധിക്കുക: (2008ലെ വാരിക)
‘ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്’. (ദീപിക 21 ജനുവരി 2008)
‘പാക്ക് അധീന കാശ്മീരില്‍ ഇന്ത്യ ആക്രമണത്തിനൊരുങ്ങുന്നു;( മംഗളം: 22 ജനുവരി 2008) ‘ പാക്ക് ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചേക്കും. (മാതൃഭൂമി ജനുവരി 23.08) ‘ഇന്ത്യ അന്ത്യ ശാസനം നല്‍കിയേക്കും; വഴങ്ങിയില്ലെങ്കില്‍ ബോംബിട്ടേയ്ക്കും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സൈനിക മേധാവികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. ‘കുവൈത്തില്‍ ഒരു അനിഷ്ട സംഭവം മരിച്ചവരുടെ എണ്ണം രണ്ട്.’
‘പാചകവാതക പൈപ്പില്‍ സ്‌ഫോടനം.’ശിയാ’ പള്ളിയില്‍ പൈപ്പ് ചോര്‍ച്ച; ‘സ്‌ഫോടനം’എണ്ണക്കമ്പനിയില്‍ സ്‌ഫോടനം. പള്ളിക്കടുത്ത വീട്ടില്‍ സ്‌ഫോടനം. നാലഞ്ച് മലയാള പത്രങ്ങളില്‍ ഒരേ ദിവസത്തെ വാര്‍ത്തകള്‍. (2008 ജനുവരി അവസാനം).
ഇതില്‍ ഏതാണ് ശരി? ഏത് വിശ്വസിക്കണം?
ചില പത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍മാരെ അയക്കും. അത്യാഹിതങ്ങളുടെ പടമെടുക്കാന്‍; സംഭവം സ്ഥലം സൗകര്യം പോലെ എഴുതും. ഫോട്ടോഗ്രാഫി കണ്ടുപിടിക്കാത്ത കാലത്ത് ചിത്രകാരന്മാര്‍ പോകും. പണ്ടേയുണ്ട് ഈ ഏര്‍പ്പാട്.
മാധ്യമ മേഖലയുടെ വിശ്വാസ്യത ചോര്‍ന്നു പോകാന്‍ മറ്റെന്ത് വേണം?