തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിന് കുരുക്കായി നടിയുടെ പീഡന പരാതിയിലെ പൊലീസ് കുറ്റപത്രം. പരാതിക്കാരി ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. എറണാകുളം ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എം എല്‍ എക്കെതിരായ പീഡന പരാതിയിലെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡിജിറ്റില്‍ തെളിവ് ഉള്‍പ്പെടേയുള്ളവ എം എല്‍ എക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്നാണ് പൊലീസ് വാദം. വാട്‌സാപ്പ് ചാറ്റ്, ഇ-മെയില്‍ സന്ദേശം എന്നിവയ്ക്ക് പുറമെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. നടിയുടെ പരാതിയില്‍ കൊച്ചി മരട് പൊലീസാണ് മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
എറണാകുളത്തുള്ള വില്ലയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച് സമാന സംഭവം ആവര്‍ത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്.
താരസംഘടനയായ അമ്മയിലെ അംഗത്വം വാഗ്ധാനം ചെയ്ത് പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നും പരാതി ഉന്നയിച്ചിരുന്നു. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം. കേസില്‍ നേരത്തെ നടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
തനിക്കെതിരായ ലൈംഗിക പീഡന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക് മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വാദം. നടിയെ അറിയാം, എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണ്. പരാതിക്കാരി പണം ആവശ്യപ്പെട്ടുവെന്നും മുകേഷ് വ്യക്തമാക്കി. ഇത് സംബന്ധിച്ച തെളിവുകളും അദ്ദേഹം കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.
