തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവ് ശ്രീതുവിനെതിരെ
തൊഴില്‍ തട്ടിപ്പ് ആരോപണങ്ങളും. ശ്രീതുവിനെതിരെ മൂന്ന് പരാതികള്‍ നിലവില്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതി. ശ്രീതു കരാര്‍ അടിസ്ഥാനത്തില്‍ പോലും ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിക്കുമെന്നും വാഗ്ദാനം നല്‍കി ശ്രീതു പണം തട്ടിയതായാണ് മൂന്നുപേരുടെ പരാതി. ഇവരില്‍നിന്ന് ശനിയാഴ്ച പൊലീസ് മൊഴിയെടുത്തിരുന്നു.
അതേസമയം, ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മാനസികാരോഗ്യവിദഗ്ധന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു. ശ്രീതുവിന്റെ പങ്കും വ്യക്തമായില്ല.
