ന്യൂഡല്‍ഹി: വരന്‍ ഡാന്‍സ് കളിച്ചതിന് പിന്നാലെ വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്. ഡല്‍ഹിയിലാണ് സംഭവം. ഘോഷയാത്രയുടെ അകമ്പടിയോടെയാണ് വരന്‍ വിവാഹ വേദിയിലെത്തിയത്. പിന്നിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ വരനോട് ഹിന്ദി സിനിമയിലെ പ്രശസ്ത ‘ചോളി കേ പീച്ചേ ക്യാ ഹേ’ എന്ന ഗാനത്തിന് ചുവടുവെക്കാന്‍ ആവശ്യപ്പെട്ടു. അതിഥികള്‍ക്ക് മുന്നില്‍ താരമാകാനുള്ള ചാന്‍സ് വരന്‍ നഷ്ടമാക്കിയില്ല. നന്നായി നൃത്തം ചെയ്തു. വധുവടക്കം നൃത്തം ആസ്വദിച്ചു. എന്നാല്‍ വരന്റെ ഈ പ്രവര്‍ത്തി വധുവിന്റെ പിതാവിന് അത്ര പിടിച്ചില്ല. ഉടന്‍ വിവാഹ ചടങ്ങുകള്‍ നിര്‍ത്തിവക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. വരന്റെ നൃത്തം തന്റെ കുടുംബത്തിന് അപമാനമാണെന്ന് പറഞ്ഞാണ് വിവാഹം വേണ്ടെന്ന് വച്ച് വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്. എന്നാല്‍ വധു കൂടെപ്പോയില്ല. വധുവിന്റെ പിതാവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നാണ് വിവരം. പിന്നീട് മകളും വരന്റെ കുടുംബവും തമ്മില്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിന് വരെ വിലക്ക് ഏര്‍പ്പെടുത്തി. സംഭവത്തിന് പിന്നാലെ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പെട്ടെന്ന് വൈറലായി. ‘അതിഥികളെ സല്‍ക്കരിക്കാന്‍ വരന്‍ ‘ചോളി കേ പീച്ചെ’യില്‍ നൃത്തം ചെയ്യുന്നു. വധുവിന്റെ പിതാവ് കല്യാണം റദ്ദാക്കുന്നു’ എന്ന തലക്കെട്ടോടെയുള്ള ഒരു പത്രം ക്ലിപ്പിംഗും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്റ് വൈറലായതിന് പിന്നീലെ നിരവധി കമന്റുകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും വന്നു. പലരും തമാശ രൂപത്തിലാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. വധുവിന്റെ പിതാവ് ശരിയായ തീരുമാനം എടുത്തു, അല്ലാത്തപക്ഷം അയാള്‍ ദിവസവും ഇത് കാണേണ്ടി വരുമെന്നാണ് ചിലര്‍ കമന്റ് ഇട്ടത്. അതേസമയം നൃത്തം ചെയ്താല്‍ എന്താണ് കുറ്റം എന്നും കമന്റ് ഉണ്ട്. കഴിഞ്ഞ 18 നാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
