ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്.
മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്.
മധ്യവര്‍ഗത്തിന് ശക്തിപകരുന്ന ബജറ്റാണിതെന്നും മുന്‍തൂക്കം നല്‍കുന്നത് വികസനത്തിനാണെന്നും
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ഈ ബജറ്റ് ശാക്തീകരിക്കും. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മധ്യവര്‍ഗം തുടങ്ങിയവരുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും നിര്‍മല അറിയിച്ചു.1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കും. പിഎം കിസാന്‍ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും. പിഎം കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പരിധി 3 ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തി. പിഎം ധന്‍ധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാന ബോര്‍ഡ് കൊണ്ടുവരും. ഉത്പാദനം, മാര്‍ക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കര്‍ഷകരെ ശാക്തീകരിക്കും. പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതി കൊണ്ടുവരും. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
