കാസര്‍കോട്: ഭജനമന്ദിരത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷ്ടിച്ച് പകരം മുക്കുമാല വച്ചതായി പരാതി. കൂഡ്ലു, പാറക്കട്ട, ശാസ്താനഗര്‍ അയ്യപ്പഭജന മന്ദിരത്തിലാണ് സംഭവം. മന്ദിര കമ്മിറ്റി പ്രസിഡണ്ട് ശാസ്താ നഗറിലെ കെ. വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ മുന്‍ സെക്രട്ടറി കൂഡ്ലു, ഹൊസമന റോഡിലെ ദയാനന്ദഷെട്ടിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. 2025 ജനുവരി 30 മുമ്പാണ് കവര്‍ച്ച നടന്നതെന്നു വേണുഗോപാല നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയത്ത് സെക്രട്ടറിയായിരുന്ന ദയാനന്ദ ഷെട്ടിക്കായിരുന്നു ഭജനമന്ദിരത്തിലെ മുതലുകള്‍ സൂക്ഷിക്കാനുള്ള ചുമതല. മൂന്നു വര്‍ഷം മുമ്പ് ഷെട്ടി സെക്രട്ടറി സ്ഥാനം ഒഴിയുകയും ചെയ്തു. കഴിഞ്ഞ ദിവസം ആഭരണം കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് സ്വര്‍ണ്ണമാലയുടെ നിറം മങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഭജനമന്ദിരം ഭാരവാഹികളുടെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു വ്യക്തമായത്. തുടര്‍ന്ന് ദയാനന്ദഷെട്ടിയെ ഭാരവാഹികള്‍ മന്ദിരത്തിലേക്ക് വിളിച്ചു വരുത്തി. ആദ്യം ഒന്നും സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. ക്ഷേത്ര നടയില്‍ വച്ച് സത്യം പറയണമെന്ന് പറഞ്ഞതോടെ സ്വര്‍ണ്ണമാല കഴുകുന്നതിനിടയില്‍ കിണറില്‍ വീണുവെന്ന് പറഞ്ഞതായി ഭരണസമിതി പ്രസിഡണ്ട് വേണുഗോപാല പറഞ്ഞു. മാല കിണറില്‍ വീണ കാര്യം ക്ഷേത്ര നടയില്‍ സത്യം ചെയ്തു പറയുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കിണറിലെ വെള്ളം മണിക്കൂറുകളോളം സമയമെടുത്ത് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ദയാനന്ദന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇതിനിടയില്‍ മാല വീണ സ്ഥലം മാറ്റിപ്പറഞ്ഞതായി പറയുന്നു. ഇതോടെ സംശയം തോന്നിയ ഭാരവാഹികള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് മാല കൈക്കലാക്കി പകരം മുക്കുമാല വച്ച കാര്യം ദയാനന്ദ സമ്മതിച്ചതെന്നു വേണുഗോപാല പറഞ്ഞു. ദയാനന്ദ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.
