കുംഭമേളയിലെ തിക്കും തിരക്കും; 15ലേറെ പേർ മരിച്ചു, ദുരന്തം മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ

പ്രയാഗ്‌രാജ്: മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു. 60 ഓളം പേർക്കു പരിക്കേറ്റു. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റി.അനിയന്ത്രിതമായ തിരക്കും തുടർന്നുണ്ടായ അപകടത്തെ തുടർന്നും മൗനി അമാവാസി ദിനത്തിലെ അമൃത് സ്‌നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു. അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്നാനം അവസാനിപ്പിച്ച് മടങ്ങാൻ അഭ്യർഥിച്ചു. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികൾ വിലയിരുത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. മൗനി അമാവാസിയിലെ അമൃത് സ്നാൻ മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന അപൂർവ ആകാശ വിന്യാസം കൂടി സംഭവിക്കുന്നതിനാൽ ചടങ്ങിന് ഭക്തർക്കിടയിൽ വലിയ ആത്മീയ പ്രാധാന്യമുണ്ട്. ‘സന്യാസി, ബൈരാഗി, ഉദസീൻ’ എന്നീ മൂന്ന് വിഭാഗങ്ങളിൽപ്പെട്ട അഖാരകരുടെ സംഘം ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തിൽ ഗംഗയിൽ സ്നാനം നടത്തുന്നതാണ് ചടങ്ങ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page