കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവതിയെ നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ പൊലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയും വിദ്യാനഗര്‍ സ്റ്റേഷനിലെ ഡ്രൈവറുമായ ബൈജു (40)വിനെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
ബേള, തൈവളപ്പിലെ സുജാതയുടെ പരാതി പ്രകാരമാണ് കേസ്. വര്‍ഷങ്ങളായി സുജാതയും ബൈജുവും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ജനുവരി 25ന് വീട്ടിലെത്തിയ ബൈജു കത്തികാട്ടി ഭീഷണിപ്പെടുത്തുകയും സ്വന്തം കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സുജാത ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ പിറ്റേ ദിവസം രാത്രി സുജാതയെ അടിക്കുകയും സുജാതയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെട്ടുകത്തിയെടുത്ത് സുജാതക്ക് നേരെ വീശുകയും ചെയ്തു. ഈ പരാതിയിലാണ് ബൈജുവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തത്.
