കാസർകോട്: ആരിക്കാടി കോട്ടയിൽ അനധികൃത ഖനനം നടത്തിയതിനു നാട്ടുകാർ വളഞ്ഞുവെച്ചു പൊലീസിന് കൈമാറിയ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് റഹ്മാൻ എന്ന മുജീബ് കമ്പാർ (46 )ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. പുരാവസ്തു വകുപ്പിൻ്റെ പരാതിയിലാണ് കേസ്. പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആരിക്കാടി കോട്ടയിൽ അതിക്രമിച്ചു കയറി ഖനന പ്രവർത്തനങ്ങൾ നടത്തി എന്നതിനാണ് കേസ്. കോട്ടയുടെ ഗൈഡ് ആയ ചെമ്പേരി വേലായുക്കുഴി നിശാന്ത് കുമാറിന്റെ പരാതിയിലാണ് ചൊവ്വാഴ്ച വൈകിട്ട് കുമ്പള പൊലീസ് കേസെടുത്തത്. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ ( 46), പൊവ്വലിലെ മുഹമ്മദ് ഫിറോസ് (28) , മൊഗ്രാൽപുത്തൂരിലെ ജാഫർ ( 26 ), പാലക്കുന്നിലെ അജാസ് ( 26 ), നീലേശ്വരം ബങ്കളത്തെ സഹദുദീൻ ( 26 ), എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർക്കെതിരെ തിങ്കളാഴ്ച പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയിലെ കിണറിൽ നീധിയുണ്ടെന്ന് കരുതിയാണ് സംഘം ഖനനം ചെയ്യാൻ എത്തിയത്.
