ചെന്നൈ: ഡോക്ടര്‍ ചമഞ്ഞ് നാലുപേരെ വിവാഹം ചെയ്ത് വഞ്ചിച്ച യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്, കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയെ ആണ് സിര്‍കാശി പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ ഭര്‍ത്താവ് പത്തുവര്‍ഷം മുമ്പ് മരിച്ചിരുന്നു. അതിനു ശേഷം അമ്മയോടൊപ്പമാണ് ലക്ഷ്മി കഴിഞ്ഞിരുന്നത്. 2017 മുതലാണ് വിവാഹ തട്ടിപ്പ് ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു.
ഡോക്ടറാണെന്നും ഭര്‍ത്താവ് മരിച്ചുപോയെന്നും പറഞ്ഞ് യുവാക്കളെ സമീപിക്കുകയും അടുപ്പത്തിലാക്കുകയും പിന്നീട് വിവാഹം കഴിക്കുകയുമാണ് പതിവ്. അതിനു ശേഷം ദിവസങ്ങള്‍ക്കകം കടന്നു കളയുകയാണ് ലക്ഷ്മിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. പുത്തൂര്‍ സ്വദേശി നെപ്പോളിയന്‍ ചിദംബരം, ഗോള്‍ഡന്‍ നഗറിലെ രാജ, സിര്‍കാശി സ്വദേശി ശിവചന്ദ്രന്‍ എന്നിവരും സേലം സ്വദേശിയായ മറ്റൊരു യുവാവും ലക്ഷ്മിയുടെ തട്ടിപ്പില്‍ കുരുങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സിര്‍കാശി സ്വദേശിയായ ശിവചന്ദ്രനുമായി നടത്തിയ കല്യാണത്തിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ കണ്ട പുത്തൂര്‍ സ്വദേശി നെപ്പോളിയന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ലക്ഷ്മിയുടെ തട്ടിപ്പുകള്‍ പുറത്തായതും പൊലീസിന്റെ പിടിയിലായതും.
