കാസർകോട്: കിടപ്പുമുറിയിൽ പ്രത്യേക അറ ഉണ്ടാക്കി കർണാടക മദ്യം സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് നുള്ളിപ്പാടി സ്വദേശി എൻ ഹരിപ്രസാദ്(31) ആണ് എക്സൈസിന്റെ പിടിയിലായത്. അറയിൽ നിന്നും 180 മില്ലി ലിറ്ററിന്റെ 76 ടെട്രാ പാക്കറ്റ് കർണാടക നിർമ്മിത വിദേശ മദ്യം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ കാസർകോട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി കെ വി സുരേഷും സംഘം നടത്തിയ വീട് പരിശോധനയിലാണ് മദ്യശേഖരം കണ്ടെത്തിയത്. മുൻ അബ്കാരി കേസിലെ പ്രതിയാണ് ഹരിപ്രസാദ്. വീടിന്റെ വടക്ക് കിഴക്കേ മൂലയിലുള്ള കിടപ്പുമുറിയുടെ തറയിൽ രഹസ്യ അറയുണ്ടാക്കി 12.96 ലിറ്റർ മദ്യം സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. പ്രദേശത്ത് അനധികൃതമായി മദ്യ വില്പന നടത്തുന്നത് സംബന്ധിച്ച് എക്സൈസും പൊലീസിനും നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. തൊണ്ടി സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് പ്രതിക്കെതിരെ ഒരു അബ്കാരി കേസെടുത്തു. കേസ് രേഖകളും തൊണ്ടി മുതലുകളും പ്രതിയെയും തുടർ നടപടികൾക്കായി കാസർകോട് എക്സൈസ് റെഞ്ച് ഓഫീസിൽ ഹാജരാക്കി. സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ സതീശൻ കെ മഞ്ജുനാഥൻ, വി രാജേഷ്, അശ്വതി വി, സജീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
