കൊല്‍ക്കത്ത: സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയില്‍വെ കോച്ചിന് മുകളില്‍ കയറി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 15കാരന് ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ ജ്ഞാന്‍ദാസ് കന്ദ്ര റെയില്‍വെ സ്റ്റേഷനിലായിരുന്നു അപകടം. ഈസ്റ്റ് ബര്‍ദ്വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം. സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് 15 കാരന് റെയില്‍വെ കോച്ചിന് മുകളില്‍ കയറിയത്. തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുത വൈദ്യുതി ലൈനില്‍ വൈദ്യുതി പ്രവഹിക്കുന്ന കാര്യം കുട്ടി ശ്രദ്ധിച്ചില്ല. ലൈനില്‍ തട്ടി വൈദ്യുതാഘാതമേറ്റ ഉടന്‍ കോച്ചിന്റെ മേല്‍ക്കൂരയില്‍ തന്നെ ബോധരഹിതനായി വീഴുകയായിരുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
