കാസര്‍കോട്: കടംകൊടുത്ത പണം തിരിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ക്ഷണിച്ചുവരുത്തി മുഖത്തും തലയ്ക്കും സോഡാകുപ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഉദുമ, പള്ളം, കരിപ്പോടി, പാക്യാര ഹൗസിലെ മുഹമ്മദ് ഇന്‍ഹാസിന്റെ പരാതിയില്‍ ഉദുമ പാക്യാരയിലെ തൗഫീറിനെ ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഇന്‍ഹാസ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെട്ടു. കടം വാങ്ങിയ പണം തിരിച്ച് നല്‍കാം എന്ന് പറഞ്ഞ് തൗഫീര്‍ തന്നെ വിളിച്ചുവരുത്തിയാണ് അക്രമിച്ചതെന്ന് ഇന്‍ഹാസ് പരാതിയില്‍ പറഞ്ഞു. തൗഫീറിന്റെ ആവശ്യപ്രകാരം കരിപ്പോടി ജംഗ്ഷനില്‍ എത്തിയ തന്നെ തടഞ്ഞ് നിര്‍ത്തി മുഖത്ത് ഇടിച്ചു. അതിനുശേഷം തൊട്ടടുത്ത കടയില്‍ ഇരുന്ന സോഡാകുപ്പിയെടുത്ത് തലയ്ക്കടിച്ചു. ആദ്യത്തെ സോഡാകുപ്പി പൊട്ടിയപ്പോള്‍ രണ്ടാമത്തെ സോഡാകുപ്പിയുമായി വീണ്ടും എത്തിയ തൗഫീറിനെ തടഞ്ഞു. ഭാഗ്യം കൊണ്ടാണ് അടിയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും വീണ്ടും തലയ്ക്കടിച്ചിരുന്നെങ്കില്‍ മരണപ്പെട്ടേക്കുമായിരുന്നുവെന്നും ഇന്‍ഹാസ് പരാതിയില്‍ പറഞ്ഞു. ബേക്കല്‍ ഡിവൈ എസ് പി മനോജ് വി വിയുടെ നേതൃത്വത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കെ പി, എസ് ഐ അന്‍സാര്‍, പൊലീസുകാരായ ബിനീഷ്, പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
