പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയാണ് അറസ്റ്റിലായത്. ആദിക്കാട്ടു കുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്.
പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. പരിഹാരത്തിനായി മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തി പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അടൂർ പൊലീസ് എടുത്ത കേസ് പിന്നീട് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. 9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പതിനേഴുകാരിയുടെ മൊഴിപ്രകാരം 9 കേസുകൾ ആണ് രജിസ്റ്റർ ചെയ്തത്. സ്കൂളിൽ ശിശുക്ഷേമ സമിതി നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. സ്കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെ തുടർന്ന് ടീച്ചർ അന്വേഷിച്ചപ്പോൾ, കുട്ടിയുടെ നഗ്നഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിലെ വിഷമമാണ് കാരണമെന്ന് മനസ്സിലായി. തുടർന്ന്
സ്കൂളിലെ കൗൺസിലർ മുഖാന്തിരം കാര്യങ്ങൾ മനസ്സിലാക്കിയ ടീച്ചർ, പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയും, തുടർന്ന് ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറുകയായിരുന്നു. അടൂർ പൊലീസ് കുട്ടിയുടെ മൊഴികൾ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും പിന്നീട് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
