കാസർകോട്: ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി തലക്കടിച്ചു കൊല്ലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിലായി. മീപ്പുഗിരി സ്വദേശികളായ മിഥുൻ രാജ് (27), നവീൻ കുമാർ (45 ), കറന്തക്കാട് സ്വദേശി ദിനേശ (24 ) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്. അണങ്കൂർ ജെ പി നഗറിലെ വിജേഷിനെയാണ് സംഘം വധിക്കാൻ ശ്രമിച്ചത്. ഡി വൈ എസ് പി സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കാസർകോട് സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ മാസം 23ന് രാത്രി എട്ടരയോടെ ജെപി നഗർ റോഡിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിജേഷിനെ പ്രതികൾ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ഹെൽമറ്റ് കൊണ്ടും മരവടി കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കേസെടുത്തതോടെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത് നടപടി പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതി മുൻപാകെ ഹാജരാക്കും.
