വാഷിംഗ്ടണ്‍ ഡിസി: 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ സുപ്രിം കോടതി ഉത്തരവിട്ടു.
പാക് വംശജനും കാനഡയില്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെയാണ് ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതി ഉത്തരവിട്ടത്. കീഴ്‌ക്കോടതിയില്‍ റാണക്കെതിരായാണ് വിധിയുണ്ടായത്. അതിനെ തുടര്‍ന്നാണ് റാണ സുപ്രിംകോടതിയെ സമീപിച്ചത്. തന്നെ ഇന്ത്യക്കു കൈമാറരുതെന്നായിരുന്നു റാണയുടെ അപേക്ഷ. ആ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. 2008 നവംബറിലുണ്ടായ അക്രമത്തില്‍ മരിച്ച 166 പേരില്‍ ആറു പേര്‍ അമേരിക്കന്‍ പൗരന്മാരായിരുന്നു. ഈ കേസില്‍ തഹാവൂര്‍ റാണയെ 2009 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 168 മാസം തടവുശിക്ഷ വിധിക്കപ്പെട്ട റാണ ജയിലിലായിരുന്നു.
റാണയെ ഇന്ത്യക്കു വിട്ടു കിട്ടിയാല്‍ മുംബൈ ഭീകരാക്രമണകേസിലെ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പങ്കു വ്യക്തമാവും. ഈ കേസില്‍ പ്രതിയായിരുന്ന പാക് ഭീകരന്‍ അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു.
യുഎസ് പൗരനും റാണയുടെ സുഹൃത്തുമായ ഡേവിഡ് ഹെയ്‌ലിയുമൊത്ത് പാക്കിസ്ഥാന്‍ ഭീകരസംഘടനകളായ ലക്ഷ്‌റെത്വയിബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നിവയ്ക്കു വേണ്ടി ബോംബെയില്‍ ഭീകരാക്രമണം നടത്താന്‍ റാണ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
