കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍പദവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫിന്റെ മരണത്തിൽ ഫോറൻസിക് സർജന്റെ റിപ്പോർട്ട് പുറത്ത്. ഇടുപ്പെല്ല് തകർന്നത് ലോറിയുടെ ചക്രം കയറിയാണെന്നും ആന്തരിക രക്തസ്രാവം മരണത്തിന് കാരണമായെന്നും ഫോറന്‍സിക് സര്‍ജന്റെ റിപ്പോർട്ടിൽ പറയുന്നു. ലോറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആസിഫ് താഴെ വീണാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് സർജൻ ഡോ. ശ്രീകാന്ത് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിയാരത്ത് നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഇടുപ്പെല്ല് തകര്‍ന്നതാണ് മരണകാരണമെന്നു വ്യക്തമായിരുന്നു. ഇതെങ്ങിനെ സംഭവിച്ചുവെന്നു പരിശോധിക്കുന്നതിനാണ് പൊലീസ് സര്‍ജന്‍ സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ചത്. താഴെ വീണ ശേഷം ടിപ്പർ ലോറി മുന്നോട്ടു നീങ്ങുകയും പിൻ ഭാഗത്തെ ടയർ കയറിയിറങ്ങുകയും ഇടുപ്പെല്ല് തകർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതെന്നുമാണ് പൊലീസ് സർജൻ അന്വേഷണ സംഘത്തിനു രേഖാമൂലം നൽകിയ വിദഗ്ദ്ധ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിലെ കാര്യങ്ങൾ അറിയിക്കാന്‍ ഫോറന്‍സിക് സര്‍ജന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിനെ വെള്ളിയാഴ്ച പരിയാരത്തേക്ക് വിളിപ്പിച്ചിരുന്നു. സർജൻ നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും കോപ്പി പരാതിക്കാരനു കൈമാറുമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ജനുവരി 15ന് രാത്രിയിലാണ് മുഹമ്മദ് ആസിഫിനെ കായര്‍ക്കട്ടയില്‍ ലോറിക്ക് സമീപം അവശനിലയില്‍ കാണപ്പെട്ടത്. രാത്രി വീട്ടിൽ നിന്ന് പുറപ്പെട്ട യുവാവിനെ പിന്നീട് അന്വേഷിച്ചപ്പോൾ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കായര്‍ക്കട്ടയില്‍ റോഡരികില്‍ ലോറി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ചെരിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ലോറിക്ക് സമീപം തന്നെയാണ് അവശനിലയിൽ ആസിഫിനെ കണ്ടെത്തിയത്. പിന്നീട് മരണപ്പെടുകയായിരുന്നു. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നതും കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടതും.