കണ്ണവം: പുതിയ കാര്‍ വാഗ്ദാനം ചെയ്ത് പഴയ കാറും 6,80,000 രൂപയും തട്ടിയെടുത്തതായി യുവതിയുടെ പരാതി. വയനാട് വെള്ളമുണ്ട പേട്ടമല സ്വദേശി പി.പി.സജീറിന് (29) എതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്. കോളയാട് നിതാസ് മഹലില്‍ എന്‍.റാഷിദയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് തട്ടിപ്പ് നടത്തിയത്. പുതിയ കാറിന് ഓഫറുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിനിരയാക്കിയത്. യവാവിന്റെ വാക്കില്‍ വിശ്വസിച്ച യുവതി തന്റെ കെ.എല്‍ 58 വി 7900 വാഗണര്‍ കാറും 6,80,000 രൂപയും സജീറിനെ ഏല്‍പ്പിച്ചു. തലശേരി ചിറക്കര പള്ളിത്താഴെയുള്ള നെക്സ ഷോറൂമിന്റെ ഫീല്‍ഡ് എക്സിക്യൂട്ടീവ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സജീര്‍ യുവതിയെ സമീപിച്ചത്. ഏറെ ദിവസം കഴിഞ്ഞിട്ടും കാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവതി ഷോറൂമിലെത്തി അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. പണവും കാറും അവിടെ ഏല്‍പ്പിച്ചിട്ടില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഷോറൂമിലെത്തിക്കാതെ സജീര്‍ കോഴിക്കോട് പാറക്കടവിലെ ഫിര്‍ദോസ് എന്നയാള്‍ക്ക് മറിച്ച് വില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഫിര്‍ദോസിനെയും കേസില്‍ പ്രതി ചേര്‍ക്കും. കഴിഞ്ഞ ഡിസംബര്‍ 10 ന് നെക്സ ഷോറൂമിന് തീപിടിച്ചിരുന്നു. നാല് കാറുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച സി.സി.ടി.വിയില്‍ ഷോറൂമിന് തീവച്ചതാണെന്ന് തെളിഞ്ഞിരുന്നു. ഒരാള്‍ ദ്രാവകം ഉപയോഗിച്ച് ഷോറൂമിന്റെ യാര്‍ഡില്‍ സൂക്ഷിച്ച കാറുകള്‍ക്ക് തീയിടുന്ന അവ്യക്തമായ ചിത്രമാണ് ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജീറാണ് തീവെപ്പിന് പിറകിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 13ന് സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ സജീര്‍ ഇപ്പോള്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. പുതിയ കാര്‍ നല്‍കാമെന്നും പഴയ കാര്‍ ഓഫര്‍ വ്യവസ്ഥയില്‍ മാറ്റി നല്‍കാമെന്നും പറഞ്ഞ് സജീര്‍ പലരില്‍ നിന്നും പണം കൈക്കലാക്കുകയും സ്ഥാപനത്തില്‍ അടക്കാതിരിക്കുകയും ചെയ്തിരുന്നു. ഈ തട്ടിപ്പ് കണ്ടുപിടിക്കാതിരിക്കാന്‍ വേണ്ടിയാണ് ഷോറൂമിന് തീയിട്ടത്. കണ്ണവത്തെ തട്ടിപ്പിന് സമാനമായ രീതിയില്‍ മാലൂരില്‍ രണ്ടുപേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിരുന്നു. തലശേരിയിലും സജീറിനെതിരെ രണ്ട് കേസ് നിലവിലുണ്ട്. കണ്ണവം സി.ഐ കെ.വി ഉമേശനാണ് റാഷിദയുടെ പരാതി അന്വേഷിക്കുന്നത്.
