മൊഗ്രാലില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം: രണ്ട് ആടുകളെ കടിച്ച് കൊന്നു

കുമ്പള: മൊഗ്രാലില്‍ വീണ്ടും നായക്കൂട്ടങ്ങളുടെ വിളയാട്ടം. മൊഗ്രാല്‍ മീലാദ് നഗറിലെ ബിഎ.ബി ഫാത്തിമയുടെ രണ്ട് ആടുകളെ കൂട്ടമായി എത്തിയ നായ്ക്കള്‍ കഴിഞ്ഞ ദിവസം കടിച്ചുകൊന്നു. ഇത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മൊഗ്രാലില്‍ മാത്രം 25 ആടുകളെ വിവിധ സ്ഥലങ്ങളിലായി നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.
മൊഗ്രാലില്‍ വിവിധ പ്രദേശങ്ങളില്‍ നായയുടെ ശല്യം രൂക്ഷമാണ്. വിഷയം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിക്കുന്നു. നായ്ക്കൂട്ടങ്ങളെ പിടിച്ചു കെട്ടാന്‍ കുമ്പള പഞ്ചായത്തില്‍ ഒരു സംവിധാനമൊരുക്കിയിട്ടില്ലെന്നു നാട്ടുകാര്‍ പരിതപിച്ചു. നാടും നഗരവും നായക്കൂട്ടങ്ങളുടെ പിടിയിലാണ്.
ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം നായ ശല്യം രൂക്ഷമായതോടെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അദാലത്തില്‍ മൊഗ്രാല്‍ ദേശീയവേദി പരാതി നല്‍കിയിരുന്നു. എന്നിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് കുലുക്കമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനു എബിസി കേന്ദ്രങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ദിവസം കൂടുന്തോറും പെറ്റു പെരുകി നാട് മുഴുവന്‍ തെരുവ് നായ്ക്കളുടെ പിടിയിലമരുന്നത് അധികൃതര്‍ കണ്ടുരസിക്കുന്നു.
നായ്ക്കൂട്ടങ്ങളെ ഏറ്റവും ഭയപ്പെടുന്നത് രാവിലെ മദ്രസയിലേക്കും, സ്‌കൂളിലേക്കും പോകുന്ന കുട്ടികളാണ്. എല്ലാ സ്ഥലങ്ങളിലും തമ്പടിക്കുന്ന നായ്ക്കൂട്ടങ്ങള്‍ ജനങ്ങള്‍ക്ക് മൊത്തത്തില്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വന്ധ്യവല്‍ക്കരണവും, പ്രതിരോധ കുത്തിവെപ്പും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടി മാത്രമാണെന്നും ആക്ഷേപമുണ്ട്.
റോഡില്‍ തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കൂട്ടങ്ങള്‍ ഇരുചക്രവാഹനക്കാര്‍ക്കു ഭീഷണിയാവുന്നുണ്ട്. ഇരുചക്രവാഹനക്കാരെ നായ്ക്കൂട്ടങ്ങള്‍ വളഞ്ഞ് ആക്രമിക്കുകയാണ്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായിരിക്കുന്നു. മഞ്ചേശ്വരം, കുമ്പള, മൊഗ്രാല്‍, കാസര്‍കോട്, കാഞ്ഞങ്ങാട് ടൗണ്‍ എന്നിവിടങ്ങളിലൊക്കെ നായ്ക്കളുടെ പരാക്രമമുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു. നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണവും ജില്ലയില്‍ കൂടി വരികയാണ്. ജില്ലയില്‍ ഇതിനുവേണ്ട ചികിത്സാരംഗത്തെ അഭാവവും നായ കടിയേല്‍ക്കുന്നവര്‍ക്ക് ദുരിതമാകുന്നുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page