കാസര്‍കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ചീമേനി നിടുമ്പ സ്വദേശിനിയായ 31 കാരിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സൈബര്‍ തട്ടിപ്പ് സംഘത്തിനെതിരെ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം ഏഴുമുതല്‍ 20 വരെയുള്ള കാലയളവില്‍ ടെലഗ്രാം വഴി പരാതിക്കാരിയില്‍ നിന്ന് ഗൂഗിള്‍ പേ വഴിയും യോനോ ആപ്പുവഴിയും 839,387 രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞദിവസമാണ് താന്‍ തട്ടിപ്പിനിരയായതായി യുവതി തിരിച്ചറിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ഫോണിലൂടെയും മറ്റും ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുമ്പോഴും പലരും അറിഞ്ഞ് ചതിക്കുഴികളില്‍ വീഴുകയാണ്. കാസര്‍കോട് ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ തട്ടിപ്പ് പരാതികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വാട്സാപ്പ് വഴിയാണ് തട്ടിപ്പ് സംഘം ആളുകളെ വലവീശി പിടിക്കുന്നത്. പിന്നീട് ടെലഗ്രാം ലിങ്ക് അയച്ച് തട്ടിപ്പിരയാക്കുകയാണ് സംഘത്തിന്റെ രീതി.
