കണ്ണൂര്‍: ചെമ്പേരി പൂപ്പറമ്പ് ടൗണിലെ കടയില്‍ നിന്ന് പട്ടാപ്പകല്‍ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് വിരുതന്‍ ഓടിരക്ഷപ്പെട്ടു. പൂപ്പറമ്പിലെ കൈതയ്ക്കല്‍ സ്റ്റോര്‍സില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. പൂപ്പറമ്പ് സ്വദേശി മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടിയാന്മല പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
രണ്ട് മുറികളുള്ള കടയാണിത്. ഒന്നില്‍ പലചരക്ക് വ്യാപാരവും മറ്റൊന്നില്‍ മലഞ്ചരക്ക് വ്യാപാരവുമാണ്. സഹോദരങ്ങളായ മനോജ്, ബിനോയ് എന്നിവരാണ് കട നടത്തുന്നത്. വൈകുന്നേരം 5.30 ഓടെ മനോജ് സമീപത്തെ കടയില്‍ ചായ കുടിക്കാന്‍ പോയിരുന്നു. തൊട്ടടുത്ത് തന്നെയായിരുന്നതിനാല്‍ കട അടക്കാതെയാണ് പോയത്. അതിനിടയില്‍ ഒരാള്‍ വളരെ വേഗം കടയിലെത്തി മേശവലിപ്പ് തുറന്ന് പണമടങ്ങിയ ബാഗുമായി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവം അപ്പോള്‍ തന്നെ മനോജിന്റെയും അവിടെയുണ്ടായിരുന്നവരുടെയും ശ്രദ്ധയില്‍പെട്ടു. അവര്‍ കള്ളന്റെ പിറകെ ഓടി. എന്നാല്‍ കള്ളന്‍ പൂപ്പറമ്പ് കരിവെള്ളേരി റോഡിലൂടെ അതിവേഗത്തില്‍ ഓടി സമീപത്തെ ഒരു മതില്‍ചാടി റബര്‍ത്തോട്ടത്തിലേക്ക് കടന്നു. അതിനുശേഷം എങ്ങോട്ട് പോയെന്ന് കണ്ടെത്താനായില്ല. കൂടുതല്‍ നാട്ടുകാരെത്തി പരിസരമാകെ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. കുടിയാന്മല എസ്.ഐമാരായ രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയും പ്രദേശമാകെ അരിച്ചുപെറുക്കി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. സമീപത്തെ ഒരു വീട്ടില്‍ നിന്ന് കവര്‍ച്ചക്കാരന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഓടിപ്പോകുന്ന ദൃശ്യമാണ് ലഭിച്ചത്. മുണ്ടും നീല ഷര്‍ട്ടുമാണ് വേഷം. മധ്യവയസ്‌കനാണെന്നാണ് രൂപത്തില്‍ നിന്ന് മനസിലാകുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുടിയാന്മല പൊലീസില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
