കാസര്‍കോട്: മുന്‍ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. കേസെടുത്ത പൊലീസ് കൊലക്കേസ് പ്രതിയെയും കൂട്ടാളിയെയും പിന്തുടര്ന്നു പിടികൂടി. വാനും കസ്റ്റഡിയിലെടുത്തു. കാസര്‍കോട്, ചൗക്കി, കല്ലങ്കൈയിലെ ഹബീബ് എന്ന അഭിലാഷ് (30), ദേര്‍ളക്കട്ടയിലെ എ.ബി മന്‍സിലില്‍ അഹമ്മദ് കബീര്‍ (24) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ.മാരായ വി.കെ വിജയന്, ഗണേശ്, എ.എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, സ്ത്രീകളെ മര്‍ദ്ദിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ ഹബീബ് എന്ന അഭിലാഷിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്.
പെര്‍വാഡ്, മളിങ്കര ഹൗസിലെ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദ്ദിഖ് (35) ആണ് വധശ്രമത്തിനു ഇരയായത്. ജനുവരി 21ന് വൈകുന്നേരം മൂന്നു മണിയോടെ മൊഗ്രാല്‍ സ്കൂളിനു സമീപത്തു വച്ചു ഓംനിവാനില്‍ എത്തിയ പ്രതികള്‍ അക്രമിച്ചുവെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. ഹബീബിന്റെ മുന്‍ ഭാര്യയുമായി സൗഹൃദം ഉണ്ടെന്നു ആരോപിച്ചാണ് അക്രമം നടത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.
