കണ്ണൂർ: യുവതിയെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ഭര്‍ത്താവിനെ കതിരൂര്‍ സി.ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു. പാട്യം കൊങ്ങാറ്റയിലെ വലിയപറമ്പത്ത് ലിന്റയെ (34) കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കൊങ്ങാറ്റ നടുവില്‍ പൊയില്‍ വീട്ടില്‍ സാജുവിനെ (43) ആണ് പിടികൂടിയത്. ലിന്റ മട്ടന്നൂരില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. സാജു ടിപ്പര്‍ ലോറി ഡ്രൈവറാണ്. ഇരുവരും നേരത്തെ വിവാഹിതരായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹമോചിതരായി. സാജുവിന് ലിന്റയെക്കുറിച്ചുള്ള സംശയമാണ് വിവാഹമോചനത്തില്‍ കലാശിച്ചതത്രെ. 2022ല്‍ അടുത്ത ഒരു ബന്ധു മരിച്ചതിനെത്തുടര്‍ന്ന് ലിന്റ ആ വീട്ടില്‍ കുറച്ചുദിവസം താമസിച്ചിരുന്നു. ഇതോടെ നീ അവിടെ തന്നെ നിന്നാല്‍ മതി ഇനിയിങ്ങോട്ട് വരേണ്ടായെന്ന് സാജു കല്‍പിച്ചു. ഇതോടെയാണ് ഇരുവരും തമ്മില്‍ അകന്നത്. വിവാഹമോചിതയായ ലിന്റ മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ ലിന്റയോട് നമുക്ക് വീണ്ടും വിവാഹിതരാകാമെന്ന് സാജു പലതവണ പറഞ്ഞുവത്രെ. നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് വര്‍ധിച്ചതോടെ സാജുവിനെതിരെ ലിന്റ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ സാജുവിനെ വിളിപ്പിച്ച് പൊലീസ് താക്കീത് ചെയ്ത് വിട്ടിരുന്നു. തിങ്കളാഴ്ച ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കയറുന്നതിന് വേണ്ടി കൊങ്ങാറ്റ കനാല്‍ പാലത്തിലൂടെ ലിന്റ നടന്നുവരികയായിരുന്നു. ഈ സമയം കാറില്‍ അവിടെയെത്തിയ സാജു ലോഹ്യം പറയുകയും അതിനിടയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലിറ്ററോളം വരുന്ന പെട്രോള്‍ ലിന്റയുടെ ദേഹത്തൊഴിക്കുകയുമായിരുന്നു. കൈവശമുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്നവര്‍ ചാടി വീണ് ലൈറ്റര്‍ തട്ടിമാറ്റി. സാജുവിനെ പ്രദേശവാസികള്‍ തടഞ്ഞുവെക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ സി.ഐ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെട്രോള്‍ ദേഹത്ത് വീണ് അസ്വസ്ഥതയനുഭവപ്പെട്ട ലിന്റയെ കൂത്തുപറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
