കാസര്‍കോട്: 14 വര്‍ഷം മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായന്നൂര്‍, മൊയോലാം കോളനിയിലെ വീട്ടില്‍ നിന്നു പഠിക്കാനാണെന്നു പറഞ്ഞ് പോയ രേഷ്മ(18) എവിടെ? നിരവധി ഉദ്യോഗസ്ഥര്‍ അന്വേഷിച്ച തിരോധാന കേസിനു ഇനിയെങ്കിലും ഒരു തുമ്പുണ്ടാകുമോ? രേഷ്മ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കില്‍ എവിടെ? രേഷ്മയുടെ ജീവന് എന്തെങ്കിലും സംഭവിച്ചോ? എങ്കില്‍ അത് എങ്ങനെ? ആരെങ്കിലും കൊലപ്പെടുത്തിയതായിരിക്കുമോ? എങ്കില്‍ അത് ആരാണ്? ഈ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് ഐജി പി രമേശിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം. മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രേഷ്മയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഒരാഴ്ച മുമ്പ് പുതിയ സംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകളിലെ ഡിവൈ.എസ്.പിമാരും ഇന്‍സ്‌പെക്ടര്‍മാരും സ്‌ക്വാഡ് അംഗങ്ങളാണ്.
2011 ജനുവരി മാസത്തിലാണ് മൊയോലം കോളനിയിലെ രാമന്‍-കല്യാണി ദമ്പതികളുടെ 18 വയസായ മകള്‍ രേഷ്മ വീട്ടില്‍ നിന്നു ഇറങ്ങിയത്. എറണാകുളത്തു പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. മകളെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പല ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. പല തവണ പൊലീസ് സ്റ്റേഷനുകളിലും ഓഫീസുകളിലും കയറിയിറങ്ങി. പക്ഷെ രേഷ്മയെ കുറിച്ചുള്ള ഒരു വിവരവും പൊലീസിനോ നാട്ടുകാര്‍ക്കോ ലഭിച്ചില്ല.
രേഷ്മയുടെ തിരോധാനത്തിനു പിന്നില്‍ പാണത്തൂര്‍ സ്വദേശിയായ ഒരു യുവാവിനു പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം. രേഷ്മയുടേതെന്നു സംശയിക്കുന്ന ചോറ്റുപാത്രം ഇയാളുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെങ്കിലും ഫലം ലഭിച്ചില്ല. പാണത്തൂര്‍ സ്വദേശിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. പരിശോധനയ്ക്ക് തയ്യാറല്ലെന്ന യുവാവിന്റെ നിലപാടാണ് ഇതിനു തിരിച്ചടിയായത്. ഇപ്പോഴത്തെ അന്വേഷണത്തിലെങ്കിലും രേഷ്മയുടെ തിരോധാനത്തിനു തുമ്പുണ്ടാക്കാന്‍ കഴിയുമോയെന്നാണ് കുടുംബവും നാട്ടുകാരും ഉറ്റുനോക്കുന്നത്.
