കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കഴിഞ്ഞയാഴ്ച നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്‌സോ കേസ് ചുമത്തിയത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു മാതാവ് നല്‍കിയ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
