മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തിരൂര്‍ വെട്ടം സ്വദേശി നിഖിലാണ് പോക്സോ പ്രകാരം(25) അറസ്റ്റിലായത്. മലപ്പുറം തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി. പേടി കാരണം ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞത്. തുടര്‍ന്ന് അദ്ധ്യാപകര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫേസ് ബുക്കിലൂടെയാണ് നിഖിലിനെ പരിചയപ്പെട്ടതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നീട് ഇയാള്‍ പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. നിഖിലിന്റെ സുഹൃത്തുക്കളെയും പെണ്‍കുട്ടിക്ക് പരിചയമുണ്ട്. സംഭവത്തില്‍ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം കൊല്ലം ചവറയില്‍ പതിനാറുകാരി പ്രസവിച്ചിരുന്നു. സഹോദരനെതിരെയാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ ഡിഎന്‍എപരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ പിതാവിന്റെയും സഹോദരന്റെയും സാമ്പിള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പിതാവാണ് ഗര്‍ഭത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഫലം ലഭിച്ചശേഷം കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
ആഴ്ചകള്‍ക്ക് മുമ്പ് തുടര്‍ച്ചയായ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിച്ചു. മാതാവ് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെ ആലപ്പുഴ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
