മുള്ളേരിയ: വേനല്‍ ശക്തമാകാനിരിക്കെ മലയോരപ്രദേശമായ ബെള്ളൂരില്‍ കുടിജലക്ഷാമം രൂക്ഷമാവുന്നു. പഞ്ചായത്ത് മൂന്നാം വാര്‍ഡായ കൊളത്തിലപ്പാറയിലാണ് കുടിവെള്ള ക്ഷാമം അതീവ രൂക്ഷമായിക്കൊണ്ടിരിക്കുന്നതെന്നു പഞ്ചായത്തിലെ എസ്.ടി കോളനികള്‍ നേരിട്ടു സന്ദര്‍ശിച്ച കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രതിനിധി സംഘം പഞ്ചായത്തു സെക്രട്ടറിയെ അറിയിച്ചു.
പഞ്ചായത്തില്‍ വോള്‍ട്ടേജ് ക്ഷാമവും വന്യമൃഗശല്യവും അസഹനീയമായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രതിസന്ധികള്‍ക്കിടയിലും കൃഷി ചെയ്തു വിളവെടുപ്പിനു പാകമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക വിളകള്‍ കാട്ടുപോത്തും കാട്ടുപന്നികളുമുള്‍പ്പെടെയുള്ള വന്യജീവികള്‍ മൂടോടെ കടിച്ചെടുത്തു തിന്നുകയാണെന്ന് സംഘം പരാതിപ്പെട്ടു. കുടിവെള്ളവും വൈദ്യുതിയും തടസ്സമില്ലാത്ത തരത്തില്‍ ലഭ്യമാക്കാനും കാട്ടുമൃഗങ്ങളില്‍ നിന്നു ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണമേര്‍പ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്നു കര്‍ഷകത്തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം യൂണിയന്‍ നേതാവ് ശശിധര ബള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി.







