ഭോപ്പാല്‍: മനുഷ്യനുമായി വളരെ പെട്ടെന്ന് ഇണങ്ങുന്ന മൃഗമാണ് നായ. വളരെ ബുദ്ധിയുള്ള ഒരു മൃഗം കൂടിയാണ്. അപകട ഘട്ടങ്ങളില്‍ മനുഷ്യരെ നായ രക്ഷപ്പെടുത്തിയ പല സംഭവങ്ങളും കേള്‍ക്കാറുണ്ട്.
നിരവധി നായകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്
അത്തരത്തില്‍ ഒരു നായയുടെ പ്രതികാര വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്നെ ഉപദ്രവിച്ചവരെ ഓര്‍ത്ത് വച്ച് പ്രതികാരം ചെയ്യുന്ന ഒരുനായയാണ് വീഡിയോയില്‍ ഉള്ളത്
മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം നടന്നത്. തിരുപ്പതിപുരം കോളനിയിലെ താമസക്കാരനായ പ്രഹ്ലാദ് സിംഗ് ഘോഷിയ്ക്കാണ് നായയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ജനുവരി 17ന് ഇയാള്‍ കുടുംബസമേതം ഒരു വിവാഹത്തിന് പുറപ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് കുറച്ച് അകലെ എത്തിയപ്പോള്‍ റോഡിന്റെ വശത്തിരുന്ന നായയെ അറിയാതെ ഇടിച്ചു. കാറിന്റെ കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ നായയ്ക്ക് പരിക്കേറ്റതായി ഒന്നും കണ്ടില്ല. അതിനാല്‍ പ്രഹ്ലാദ് കാറെടുത്ത് അവിടെ നിന്ന് പോവുകയായിരുന്നു. എന്നാല്‍
നായ കാറിന് പിന്നാലെ കുരച്ച് കുറച്ചു ദൂരം ഓടി. പിന്നെ തിരിച്ചുപോയി. അടുത്ത ദിവസം ഒരു മണിക്കാണ് പ്രഹ്ലാദും കുടുംബവും തിരിച്ചെത്തിയത്. പ്രഹ്ലാദും കുടുംബവും വീട്ടില്‍ എത്തിയപ്പോള്‍ നായയും വീട്ടിലെത്തി. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല. നായ തന്നെ ഉപദ്രവിച്ച കാറിനെ ആക്രമിക്കുകയായിരുന്നു. കാറില്‍ നഖം ഉപയോഗിച്ച് പോറലുകള്‍ സൃഷ്ടിക്കുകയും ചെയ്തു. അടുത്ത ദിവസം സിസിടിവി കണ്ടപ്പോഴാണ് നായയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് മനസിലായത്. സിസിടിവി ദൃശ്യങ്ങള്‍ യുവാവിനെയും കുടുംബത്തെയും ശരിക്കും പേടിപ്പിച്ചുവെന്ന് തന്നെ പറയാം.
