കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍പദവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ശ്രീകാന്ത് ബുധനാഴ്ച കായര്‍ക്കട്ടയില്‍ എത്തും. ചൊവ്വാഴ്ച എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
ഡോ. ശ്രീകാന്താണ് മുഹമ്മദ് ആസിഫിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇടുപ്പെല്ല് തകര്‍ന്നുണ്ടായ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ഇടുപ്പെല്ല് പൊട്ടണമെങ്കില്‍ വീഴ്ച സംഭവിക്കണം. അല്ലെങ്കില്‍ സംഘം ചേര്‍ന്നുള്ള മര്‍ദ്ദനമോ ഉണ്ടാകണം-ഇതാണ് പൊലീസ് സര്‍ജന്‍ നല്‍കിയ പ്രാഥമിക മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് പൊലീസ് സര്‍ജന്‍ എത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മുഹമ്മദ് ആസിഫിനെ കായര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ലോറിക്ക് സമീപത്ത് അവശനിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറി ഇപ്പോഴും സംഭവസ്ഥലത്തു നിന്നു നീക്കിയിട്ടില്ല. ലോറിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഡിവൈ.എസ്പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വനിതാ പൊലീസിന്റെ സഹായത്തോടെയുള്ള മൊഴിയെടുക്കല്‍ തുടരുകയാണ്. ചൊവ്വാഴ്ച മുഹമ്മദ് ആസിഫിന്റെ മാതാവ്, സഹോദരിമാര്‍ എന്നിവരില്‍ നിന്നു മൊഴിയെടുത്തു.







