മധുര: ഒരു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി ബള്‍ബ് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവില്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.
കടുത്ത പനിയും ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു വയസ്സുള്ള പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഡോക്ടറെ കാണാനെത്തിയത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശ്വാസനാളത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നി. തുടര്‍ന്ന് എക്‌സറേ പരിശോധനയിലാണ് ശ്വാസനാളത്തില്‍ എല്‍.ഇ.ഡി ബള്‍ഡ് കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്.
മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്. കളിപ്പാട്ടത്തിന്റെ റിമോര്‍ട്ടിലെ ബള്‍ബാണ് കുട്ടിയുടെ ശ്വാസനാളത്തില്‍ എത്തിയതെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കളിക്കുന്നതിനിടയില്‍ കുട്ടി റിമോര്‍ട്ട് കടിച്ചപ്പോഴായിരിക്കും ബള്‍ബ് വിഴുങ്ങിയതെന്നു സംശയിക്കുന്നു. ജീവന്‍ അപകടത്തില്‍പ്പെടും മുമ്പെ മകളെ രക്ഷിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് മാതാപിതാക്കള്‍.
