കാസര്‍കോട്: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സികെവി സുരേഷും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ നിന്ന് 190.08 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. പ്രതി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ചുണിയോടെ ഉളിയത്തടുക്കയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. ഉളിയടുക്കയില്‍ വച്ച് കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് അതിസാഹസികമായി പിന്തുടര്‍ന്ന് പട്‌ളയില്‍ കാര്‍ തടഞ്ഞു. എക്‌സൈസിന്റെ വാഹനത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങും മുമ്പ് കാര്‍ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിനത്ത് 180 മില്ലിയുടെ 1056 ടെട്രാ പാക്കറ്റ് മദ്യം കണ്ടെത്തി. ഓടിപ്പോയ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കാസര്‍കോട് ഭാഗത്തേക്ക് വിതരണത്തിനായി കൊണ്ടുവരുന്നതാണ് പിടികൂടിയ മദ്യമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രവന്റീവ് ഓഫീസര്‍മാരായ നൗഷാദ് കെ, അജീഷ് സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മഞ്ജുനാഥന്‍ വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ ടിവി എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.
