ഗോപന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചകര്‍പ്പൂരവും; അടുത്ത 41 ദിവസം സന്യാസിമാരുടെ നേതൃത്വത്തില്‍ പൂജകള്‍, തീര്‍ത്ഥാടന കേന്ദ്രമാക്കുമെന്ന് കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചകര്‍പ്പൂരവും. മുന്‍പത്തേതിലും ഇരട്ടിവലിപ്പത്തിലുള്ള ‘ഋഷിപീഠം’ എന്ന പേരില്‍ കല്ലറ നിര്‍മിച്ച് അതിലാണ് മൃതദേഹം സംസ്‌കരിച്ചത്.
500 കിലോ ഭസ്മവും 50 കിലോ കര്‍പ്പൂരവുമായിരുന്നു ആദ്യം എത്തിച്ചത്. ചടങ്ങുകള്‍ നടത്താന്‍ അത് പോരെന്ന് കണ്ടതോടെ 1500 കിലോ ഭസ്മവും 200 കിലോ പച്ചകര്‍പ്പൂരവും കൂടി എത്തിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നാമ ജപയാത്രയായാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. തുറന്ന വാഹനത്തില്‍ പീഠം തയ്യാറാക്കി അതില്‍ ഇരുത്തി കാവി വസ്ത്രം പുതപ്പിച്ചാണ് കൊണ്ടുവന്നത്. മുഖം മറച്ച നിലയിലായിരുന്നു. ഇഷ്ടിക കൊണ്ട് തയ്യാറാക്കിയ കല്ലറയില്‍ ഭസ്മം, കര്‍പ്പൂരം,സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയിട്ട് മൃതദേഹം ഇറക്കിവച്ചു. തുടര്‍ന്ന് ഭസ്മവും കര്‍പ്പൂരവും ഇട്ടു. ഇതിന് മുകളിലായി സ്‌ളാബ് കൊണ്ടു മൂടുകയായിരുന്നു. ശിവ പഞ്ചാക്ഷരീമന്ത്രം ചൊല്ലിയായിരുന്നു ചടങ്ങുകള്‍. ഗോപന്റെ മകന്‍ സനന്ദന്‍ അടക്കം മൂന്ന് പേരായിരുന്നു കല്ലറയില്‍ ഇറങ്ങി കര്‍മങ്ങള്‍ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ നടന്ന ചടങ്ങുകളില്‍ വിവിധ മഠങ്ങളിലെ സന്യാസിമാര്‍ കാര്‍മികത്വം വഹിച്ചു. ഇനി അടുത്ത 41 ദിവസം സന്യാസിമാരുടെ നേതൃത്വത്തില്‍ പൂജകള്‍ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. വിശ്വാസികള്‍ എത്തുന്നതോടെ ‘ഋഷിപീഠം’ തീര്‍ത്ഥാടന കേന്ദ്രമാക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page