കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. വിചാരണ കോടതി ജഡ്ജ് അനിര്‍ബന്‍ ദാസിന്റേതാണ് വിധി. സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിധി.
ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി. പ്രതി വനിതാ ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു. കൊലപാതകം നടന്ന് 5 മാസത്തിനു ശേഷമാണ് വിധി പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 9നാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിനെത്തുടര്‍ന്ന് ബംഗാളില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളില്‍ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച് സമരം നടത്തിയിരുന്നു. സംഭവം വിവാദമായതോടെ ഓഗസ്റ്റ് 10ന് തന്നെ പ്രതി സഞ്ജയ് റോയ്യെ കസ്റ്റഡിയിലെടുത്തിരുന്നു. ഓഗസ്റ്റ് 13ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം പ്രകാരം അന്വേഷണം പൊലീസില്‍ നിന്നും സിബിഐക്ക് കൈമാറി. തുടര്‍ന്ന് 25 അംഗ ടീമിനെ സിബിഐ രൂപീകരിച്ചു. സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ് രാജിവെക്കുകയും ചെയ്തു. സംഭവം അറിഞ്ഞിട്ടും ഉടനടി പൊലീസിനെ അറിയിച്ചില്ലെന്നും, ശരീരത്തിന്റെ കീഴ്ഭാഗത്ത് വസ്ത്രമില്ലാതെ, ശരീരത്തിന്റെ പുറത്ത് മുറിവുകളോട് കൂടി അതിജീവിതയെ കണ്ടിട്ടും ആത്മഹത്യയായി അവതരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര വീഴ്ചയില്‍ സന്ദീപ് ഘോഷിന്റെ നുണപരിശോധനയും പൊലീസ് നടത്തിയിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ ഏഴിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ 29ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടില്‍ സന്ദീപ് ഘോഷിനെ പ്രതി ചേര്‍ത്തുംസിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ജോലിയിലെ ഇടവേളക്കിടയില്‍ സെമിനാര്‍ മുറിയില്‍ വിശ്രമിക്കാന്‍ പോയ യുവ ഡോക്ടറെ ലോക്കല്‍ പൊലീസിലെ സിവിക് വളണ്ടിയറായ സഞ്ജയ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിരുന്നു.
പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി മാസങ്ങളോളം പ്രതിഷേധം നീണ്ടത് മമത ബാനര്‍ജി സര്‍ക്കാറിന് വലിയ വെല്ലുവിളിയായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.